കെനിയൻ സ്വദേശിയായ രണ്ടു വയസ്സുകാരൻ ലുണ്ട കയൂംബ എന്ന കുട്ടി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവായി മാറി. പ്രോസ്പർ എന്ന വിളിപ്പേരുള്ള ഈ കുട്ടി ഒരു രോഗിക്ക് പാൻക്രിയാസും വൃക്കയും നൽകിയപ്പോൾ, മറ്റൊരു രോഗിക്ക് മറ്റൊരു വൃക്കയും നൽകി. കൂടാതെ കാഴ്ചശേഷി ഇല്ലാത്ത രണ്ട് രോഗികൾക്ക് കോർണിയകളും ദാനം ചെയ്യപ്പെട്ടു. ഇതോടെ നാലുപേർക്ക് പുതുജീവൻ ലഭിച്ചു.
ഒക്ടോബർ 17-ന് വീട്ടിൽ വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 26-നാണ് കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കുഞ്ഞിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. “കുഞ്ഞിന്റെ മരണം ഞങ്ങളെ തകർത്തു. പക്ഷേ അവന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ജീവനേകുമെന്ന് അറിഞ്ഞ് ഞങ്ങൾ ആശ്വസിക്കുന്നു,” പ്രോസ്പറിന്റെ അമ്മ പറഞ്ഞു.
ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് റിസർച്ചിലെ ഗുരുതരാവസ്ഥയിലുള്ള വൃക്കരോഗികൾക്ക് കുഞ്ഞിന്റെ പാൻക്രിയാസ് പുതിയ പ്രതീക്ഷ നൽകി. കുടുംബത്തിന്റെ സമ്മതത്തിനൊപ്പം കെനിയ ഹൈക്കമ്മീഷനിൽ നിന്നുള്ള അനുമതിയും ലഭിച്ചതോടെ ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത നൽകിയത്.
Story Highlights: Two-year-old Kenyan boy becomes India’s youngest pancreatic donor, saving four lives through organ donation.