പൊലീസിൽ വിശ്വാസമുണ്ടെന്ന് കാണാതായ കുട്ടിയുടെ അമ്മ പ്രകടിപ്പിച്ചു. ഇന്നലെയാണ് തസ്മിത്ത് വീട് വിട്ടിറങ്ങിയത്. കുട്ടികൾ തമ്മിലുണ്ടായ കലഹത്തെ തുടർന്ന് അമ്മ ശാസിച്ചിരുന്നു. ജോലിക്ക് പോകുമ്പോൾ ഇളയ മകളെ കൂടെ കൊണ്ടുപോയ അമ്മ ഉച്ചയ്ക്ക് ഒരു മണിക്ക് തിരിച്ചെത്തിയപ്പോൾ മകൾ വീട്ടിലില്ലായിരുന്നു. കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയെന്ന് മൂത്ത കുട്ടി പറഞ്ഞതായി അമ്മ വ്യക്തമാക്കി.
വീടിനകത്തും പുറത്തും സമീപത്തെ കടകളിലും വഴിയിലുമെല്ലാം തിരഞ്ഞിട്ടും മകളെ കാണാതായതോടെ പൊലീസിൽ വിവരമറിയിച്ചു. റൂട്ട് മാപ്പ് പ്രകാരം കുട്ടി രാവിലെ 9.30ന് വീട് വിട്ടു. 10.34ന് കഴക്കൂട്ടം ഭാഗത്തെത്തി. തുടർന്ന് ബസിൽ തമ്പാനൂരിലെത്തി ഒരു മണിയോടെ ട്രെയിൻ കയറി. കന്യാകുമാരി ബെംഗളൂരു എക്സ്പ്രസിലായിരുന്നു യാത്ര. കയ്യിൽ 40 രൂപയും ബസ് ടിക്കറ്റുമുണ്ടായിരുന്നു.
ട്രെയിൻ കന്യാകുമാരിയിൽ എത്തിയത് വൈകുന്നേരം 3.30നാണ്. പുലർച്ചെ 5.30ന് കന്യാകുമാരിയിൽ കുട്ടിയെ കണ്ടതായി വിവരമുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Story Highlights: 13-year-old girl missing from Trivandrum, traced to Kanyakumari