വയനാട് ചൂരൽമലയിലെ ദുരന്തത്തിൽ 126 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. ഇതിൽ 75 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളിൽ 36 പുരുഷന്മാരും 39 സ്ത്രീകളുമാണ്. രക്ഷാപ്രവർത്തകർ 800-ലധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അറിയിച്ചു. കുടുങ്ങിക്കിടന്നവരെ മുഴുവൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവിൽ 3069 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നു.
ഇന്നത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എല്ലാ സേനാംഗങ്ങളും ദുരന്തഭൂമിയിൽ നിന്ന് പിൻവാങ്ങി. നാളെ പുലർച്ചെ രക്ഷാദൗത്യം പുനരാരംഭിക്കും. റോപ്പ് മാർഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടെയും ആളുകളെ രക്ഷപ്പെടുത്തി. 22 മൃതദേഹങ്ങൾ കണ്ടെടുത്ത് മറുകരയിലെത്തിച്ചു. അഞ്ച് മൃതദേഹങ്ങൾ കൂടി മാറ്റാനുണ്ട്. രാത്രിയോടെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുമായിരുന്നു യോഗം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏജൻസികളുമായുള്ള ഏകോപനം, ദുരന്തമുഖത്തെ സേനാവിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.
Story Highlights: 126 people died in Wayanad landslide, rescue operations temporarily halted
Image Credit: twentyfournews