കാൻസർ രോഗികൾക്കുള്ള കീമോതെറാപ്പി മരുന്നുകളുടെ പേരിൽ വ്യാജ മരുന്നുകൾ നിറച്ച് വിൽപ്പന നടത്തിയ കേസിൽ ഡൽഹി പൊലീസ് 12 പ്രതികളെ പിടികൂടി. ഡൽഹിയിലെയും ഗുഡ്ഗാവിലെയും പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരടക്കമുള്ളവരാണ് പിടിയിലായത്. വ്യാജമരുന്ന് നൽകി കാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും പറ്റിച്ച് ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ നേടിയത്.
സംഭവത്തിൽ ഇരകളാക്കപ്പെട്ട വിദേശികളടക്കം എട്ട് രോഗികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരിലൊരാൾ ചികിത്സക്കിടെ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് മരിച്ചു. യഥാർത്ഥ മരുന്നുകളുടെ ഒഴിഞ്ഞ വയലുകൾ ശേഖരിച്ച ശേഷം ഇവയിൽ വ്യാജ മരുന്ന് നിറച്ച് വിപണിയിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. മരുന്ന് കടകൾ വഴിയും ഇന്ത്യാ മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും പ്രതികൾ മരുന്നുകൾ വിതരണം ചെയ്തിരുന്നു.
വ്യാജമരുന്നിന് ഇരയായവരിൽ ഉസ്ബെക്കിസ്ഥാൻ, ജമ്മു കശ്മീർ, ഹരിയാന, ഛണ്ഡീഗഡ്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. ഇവർ ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ മരുന്നുകൾ വ്യാജമായിരുന്നു. ബിഹാറിലെ മധുബനിയിൽ നിന്നുള്ള ഒരു സ്ത്രീ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് മരിച്ചു. സംഭവത്തിൽ ഡൽഹിയിലെ തിസ് ഹസാരി കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.