ഉത്തര്പ്രദേശിലെ ഹാത്രസില് നടന്ന ആധ്യാത്മിക പരിപാടിയില് നൂറിലേറെ പേര് മരിച്ച സംഭവത്തില് പുതിയ വിവരങ്ങള് പുറത്തുവരുന്നു. ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായണ് സാഗര് ഹരിയുടെ സത്സംഗത്തിനാണ് ലക്ഷക്കണക്കിന് ആളുകള് എത്തിയത്. പരിപാടി കഴിഞ്ഞ് ഭോലെ ബാബയ്ക്ക് പിന്നാലെ ഇടുങ്ങിയ വഴിയിലൂടെ പുറത്തേക്കിറങ്ങാന് ശ്രമിച്ച ഭക്തര് മണ്ണ് ശേഖരിക്കുന്നതിനിടെ മറിഞ്ഞുവീണതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള് പറയുന്നു. മൂന്ന് ലക്ഷത്തോളം ആളുകള് പങ്കെടുത്ത പരിപാടിയില് തിരക്ക് നിയന്ത്രിക്കാന് മതിയായ സംവിധാനങ്ങളോ പൊലീസ് സേവനമോ ഉണ്ടായിരുന്നില്ലെന്ന് വിമര്ശനം ഉയരുന്നുണ്ട്. ഭക്തര്ക്ക് തിരിച്ചിറങ്ങാന് ഇടുങ്ങിയ ഒറ്റ വഴി മാത്രമാണ് ഉണ്ടായിരുന്നത്. തിക്കിലും തിരക്കിലും പെട്ട് ചിലര് താഴെ വീഴുകയും പിന്നാലെ വന്നവര് അവര്ക്ക് മുകളിലേക്ക് വീഴുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായത്. നിലവില് 107 മരണങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക അധികൃതര് പങ്കുവയ്ക്കുന്നു. മന്ത്രി സന്ദീപ് സിംഗ് അപകടസ്ഥലം സന്ദര്ശിച്ചു. പരുക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്പ്പെടെയുള്ളവര് സംഭവത്തില് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരെ ഹാത്രസിലേയും എറ്റയിലേയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരില് ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. മരിച്ചവരെ മുഴുവന് പേരെയും തിരിച്ചറിഞ്ഞിട്ടില്ല.