വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനമെടുത്തു. പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീടുകൾ നിർമ്മിച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഭാവിയിൽ രണ്ടാമത്തെ നിലകൂടി കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക എന്നും അദ്ദേഹം വ്യക്തമാക്കി.
വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കുമെന്നും, തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും നൽകും.
വാടക കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ സ്കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്കൂൾ പുനർനിർമ്മിച്ച് നിലനിർത്താനാവുമോ എന്ന് വിദഗ്ധർ പരിശോധിക്കും.
ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കുക കൂടി ചെയ്യും. കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്റെ ഭാഗമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: Wayanad landslide victims to get 1000 square feet houses in rehabilitation package