ഉത്തർപ്രദേശ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മാത്രമേ മുസ്ലീങ്ങൾക്കും സുരക്ഷയുണ്ടാകൂ എന്നാണ് യോഗി ആദിത്യനാഥിന്റെ പുതിയ വാദം. എഎൻഐയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് യോഗി ഈ വിവാദ പരാമർശം നടത്തിയത്.
100 മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ലെന്നും ബംഗ്ലാദേശും പാകിസ്താനും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ മതം സനാതന ധർമ്മമാണെന്നും ഹിന്ദു ഭരണാധികാരികൾ മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിന് ലോക ചരിത്രത്തിൽ ഉദാഹരണങ്ങളില്ലെന്നും യോഗി പറഞ്ഞു. ഉത്തർപ്രദേശിലെ ഒരു സാധാരണ പൗരനാണ് താനെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു.
എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും താൻ വിശ്വസിക്കുന്നതായും യോഗി കൂട്ടിച്ചേർത്തു. ഹോളി ദിനത്തിൽ സംഭാലിലെ പള്ളികൾ ടാർപോളിൻ കൊണ്ട് മറച്ച സംഭവത്തിലും യോഗി വിവാദ പരാമർശം നടത്തി. ആഘോഷത്തിനിടയിൽ നിറങ്ങൾ ആരുടെയെങ്കിലും ശരീരത്തിൽ വീണാൽ അത് ഒരാളുടെ വ്യക്തിത്വത്തെ നശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹറം ദിനത്തിൽ ഘോഷയാത്രകൾ നടത്താറുണ്ട്. അവരുടെ പതാകയുടെ നിഴൽ ഹിന്ദുക്കളുടെ ക്ഷേത്രത്തിലോ വീടുകളിലോ വീഴാറില്ലേ? അത് വീടിനെ അശുദ്ധമാക്കുമോ എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു, എന്നാൽ ശരീരത്തിൽ നിറം പുരട്ടിയാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും യോഗി പറഞ്ഞു. എന്തിനാണ് ഇങ്ങനെ ഇരട്ടത്താപ്പ് എന്നും അദ്ദേഹം ചോദിച്ചു. നിരവധി മുസ്ലിങ്ങൾ തങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ചിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Story Highlights: Yogi Adityanath claims Muslims are safe only if Hindus are safe, sparking controversy.