ഡബ്ല്യു പി എൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിന് 150 റൺസ് വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യൻസ് ഉയർത്തിയത്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ രണ്ട് സീസണുകളിലെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് മുംബൈ ഇന്ത്യൻസ് നേടിയത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിന് ആശ്വാസമായത്. 44 ബോളിൽ നിന്ന് 66 റൺസ് നേടിക്കൊണ്ട് കൗർ ടീമിന്റെ സ്കോർ ഉയർത്തി. ഡൽഹി ക്യാപിറ്റൽസിന്റെ മരിസാന്നെ കാപ്പ്, ജെസ് യൊനാസെൻ, ശ്രീ ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്നാബെൽ സതർലൻഡ് ഒരു വിക്കറ്റ് നേടി.
14 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായ മുംബൈയെ കൗറും നാറ്റ് സീവർ ബ്രന്റും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. 30 റൺസെടുത്ത നാറ്റ് സീവർ ബ്രന്റ് കൗറിന് മികച്ച പിന്തുണ നൽകി. മറ്റാര്ക്കും കാര്യമായ സംഭാവന നൽകാനായില്ല. മുംബൈയുടെ മലയാളി താരം സഞ്ജന സജീവൻ സംപൂജ്യയായി പുറത്തായി. മലയാളി താരം മിന്നു മണി ഒരു ഓവർ ചെയ്തെങ്കിലും വിക്കറ്റ് നേടാനായില്ല.
മുംബൈ ഇന്ത്യൻസ് ടീമിൽ മാറ്റമൊന്നുമില്ല. എന്നാൽ ഡൽഹി ക്യാപിറ്റൽസ് ടീമിൽ സധുവിന് പകരം ശ്രീ ചരണിയെ ഉൾപ്പെടുത്തി. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്താണ് മുംബൈ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒന്നാം സ്ഥാനക്കാരായ ഡൽഹി നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.
Story Highlights: Mumbai Indians set a target of 150 runs for Delhi Capitals in the WPL final, with Harmanpreet Kaur’s 66 runs being the highlight of their innings.