വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിലാണെന്ന് വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ലൈംഗികാതിക്രമം ഒഴിവാക്കാനായി ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. സിനിമ, സീരിയൽ, നാടകം, ഫാഷൻ തുടങ്ങി എല്ലാ മേഖലകളിലും ഇത് ബാധകമാക്കുമെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ കോടതിയിൽ സമർപ്പിക്കുന്നുണ്ട്. രണ്ട് കേസുകൾ എടുത്തിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും.
റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാല് വർഷത്തിലധികം നടപടി സ്വീകരിക്കാതിരുന്ന സർക്കാർ നിലപാടിനെ അതിരൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി നേരത്തെ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ടിന്റെ സമ്പൂർണ്ണ രൂപം ലഭിച്ചതിനു ശേഷം എടുത്ത കേസുകളുടെ എണ്ണം, നടപടികൾ എന്നിവ പ്രത്യേക അന്വേഷണ സംഘം സർക്കാരിനു കൈമാറണമെന്നും, സർക്കാർ ഇക്കാര്യം ഡിവിഷൻ ബഞ്ചിൽ സമർപ്പിക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.
Story Highlights: Women’s Commission considers legislation in entertainment sector to prevent sexual harassment