അയർലൻഡിലെ വാട്ടർഫോർഡിൽ സമാപിച്ച WMA വിന്റർ കപ്പ് സീസൺ വൺ മലയാളികളുടെ ഒത്തൊരുമയുടെയും സംഘാടന മികവിന്റെയും ഉത്തമ ഉദാഹരണമായി മാറി. വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈ പ്രഥമ ടൂർണമെന്റിൽ അയർലൻഡിലെ ഇരുപതോളം സെവൻസ് ടീമുകൾ പങ്കെടുത്തു. ടീമുകളുടെയും കാഴ്ചക്കാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.
മത്സരങ്ങൾ ചിട്ടയോടെ പൂർത്തിയാക്കിയതിനൊപ്പം, ഐറിഷ് ഇന്റർനാഷണലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർതാരവുമായ ഡാറിൽ മർഫി മുഖ്യാതിഥിയായി എത്തിയതും വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ സംഘാടന മികവ് വ്യക്തമാക്കി. ഇത് ടൂർണമെന്റിന് അന്താരാഷ്ട്ര നിലവാരം നൽകി.
മുപ്പതു വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡബ്ലിനിൽ നിന്നുള്ള ഐറിഷ് ടസ്കേഴ്സ് ജേതാക്കളായി. ഫൈനലിൽ വാട്ടർഫോഡ് ടൈഗേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ടസ്കേഴ്സ് കിരീടം നേടിയത്. വാട്ടർഫോർഡ് ടൈഗേഴ്സിലെ ഷിബുവിനെ മികച്ച താരമായും ജിബിനെ മികച്ച പ്രതിരോധ താരവുമായി തെരഞ്ഞെടുത്തു. ഐറിഷ് ടസ്കേഴ്സിലെ ദീപക് മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
മുപ്പതു വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ കിൽക്കെനി സിറ്റി എഫ് സി ചാമ്പ്യൻമാരായി. ഫൈനലിൽ ഡബ്ലിൻ യുണൈറ്റഡ് അക്കാദമിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് കിൽക്കെനി സിറ്റി എഫ് സി കിരീടം നേടിയത്. കിൽക്കെനി സിറ്റിയുടെ ആൽബി മികച്ച താരമായും, ഡബ്ലിൻ യുണൈറ്റഡ് അക്കാദമിയുടെ ജാസിം മികച്ച പ്രതിരോധ താരമായും, കിൽക്കെനി സിറ്റി എഫ് സിയുടെ ജിതിൻ റാഷിദ് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
വാട്ടർഫോർഡ് കൗണ്ടി കൗൺസിലർ ഇമ്മോൺ ക്വിൻലാൻ ട്രോഫികൾ വിതരണം ചെയ്തു. ഈ ടൂർണമെന്റ് അയർലൻഡിലെ മലയാളി സമൂഹത്തിന്റെ കായിക താൽപര്യവും സാമൂഹിക ഐക്യവും പ്രകടമാക്കുന്നതായിരുന്നു. വരും വർഷങ്ങളിൽ ഇത്തരം മത്സരങ്ങൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കാനുള്ള പദ്ധതികൾ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ആവിഷ്കരിച്ചിട്ടുണ്ട്.
Story Highlights: WMA Winter Cup Season One in Ireland showcases Malayali unity and organizational excellence