സോനോമ കൗണ്ടി: വിൻഡോസ് എക്സ്പിയുടെ ഐക്കണിക് വാൾപേപ്പറായ “ബ്ലിസ്” എന്ന ചിത്രം ഇന്നും പലരുടെയും ഓർമ്മയിൽ പച്ചപിടിച്ചുനിൽക്കുന്നു. നീലാകാശത്തിനു കീഴിൽ പച്ചപുതച്ചു കിടക്കുന്ന കുന്നുകളുടെ ഈ ഹൃദ്യമായ ചിത്രം ഒരു ഡിജിറ്റൽ യുഗത്തിന്റെ പ്രതീകമായി മാറി. എന്നാൽ ഈ ചിത്രത്തിലെ ഭൂപ്രകൃതി ഇന്നും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം പലരിലും ഉയർന്നിരുന്നു. ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് ‘ഇൻസൈഡ് ഹിസ്റ്ററി’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. ഈ ചിത്രം പകർത്തിയത് നാഷണൽ ജിയോഗ്രാഫിക്കിലെ ഫോട്ടോഗ്രാഫറായ ചാൾസ് ഒ’റിയർ ആണ്. 1996-ൽ കാലിഫോർണിയയിലെ സോനോമ കൗണ്ടിയിലൂടെ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹം ഈ പുൽമേട് കണ്ടെത്തിയത്. ഹൈവേ 12-ൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിൽ മയങ്ങിയ ഒ’റിയർ ആ കാഴ്ച തന്റെ ക്യാമറയിൽ പകർത്തി.
മഴയെ തുടർന്ന് പച്ചപ്പ് നിറഞ്ഞുനിന്ന കുന്നുകളുടെ ആ ദൃശ്യം അദ്ദേഹത്തെ ആകർഷിച്ചു. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കോർബിസ് എന്ന ഡിജിറ്റൽ ലൈസൻസിംഗ് സേവനവുമായി ഒ’റിയർ ബന്ധപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയ മൈക്രോസോഫ്റ്റ് അത് വാങ്ങുകയും വിൻഡോസ് എക്സ്പിയുടെ വാൾപേപ്പറാക്കി മാറ്റുകയും ചെയ്തു. ഇതോടെ “ബ്ലിസ്” ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളിൽ ഒന്നായി.











