കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രതികരിച്ചു. ആന അക്രമകാരി അല്ലെന്നും വൈകുന്നേരത്തോടെ കാട് കയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആനയെ മയക്ക് വെടിവെക്കേണ്ട സാഹചര്യമില്ലെന്നും നില വഷളായാൽ മാത്രമേ വെടിവെക്കുന്ന കാര്യം പരിഗണിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കരുതൽ നടപടികളുടെ ഭാഗമായി മയക്കുവെടി വെക്കാനുള്ള സംഘത്തെ പ്രദേശത്തേക്ക് വിന്യസിക്കാൻ നിർദ്ദേശമുണ്ടെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
കോഴിക്കോട് ഡിഎഫ്ഒ ആഷിക്ക് ട്വന്റി ഫോറിനോട് പറഞ്ഞതനുസരിച്ച്, ചൂട് കൂടിയാൽ ആന വൈലൻ്റ് ആകാൻ സാധ്യതയുണ്ട്. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം പേരാമ്പ്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവിൽ ആന സെയ്ഫ് സോണിലാണെന്നും രാത്രിയിൽ കാട് കയറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. വയനാട് നിന്നുള്ള RRT ടീം സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ മയക്കുവെടി വെക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
നിലവിൽ ആന നിലയുറപ്പിച്ചിരിക്കുന്നത് പേരാമ്പ്രയിലെ ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ്. പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്.
Story Highlights: Wild elephant spotted in Perambra, Kozhikode; Chief Wildlife Warden says no immediate need for tranquilizer