വാൽപ്പാറ◾: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ഒരു വീട് ആക്രമിച്ചു. സ്റ്റാൻമോർ എസ്റ്റേറ്റിന് സമീപം തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടിയാണ് കാട്ടാന ആക്രമിച്ചത്. ഈ മേഖലയിൽ കാട്ടാനക്കൂട്ടം തുടർച്ചയായി എത്തുന്നത് സമീപവാസികളുടെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇന്ന് പുലർച്ചെ 3 മണിയോടെ പാർവതി എന്ന യുവതിയുടെ പാടി ആന ആക്രമിച്ചു. ആക്രമണത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായി തകർന്നു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ കാട്ടാന ഭക്ഷിക്കുകയും ജനലും വാതിലും തകർക്കുകയും ചെയ്തു.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാടിയ്ക്ക് സമീപം നിലയുറപ്പിച്ച കാട്ടാനയെ പിന്നീട് ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്തിയത്. ഇന്നലെ വാൽപ്പാറയിൽ 40-ൽ അധികം കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളും കാട്ടാന ആക്രമിച്ചിരുന്നു. ക്ലാസ് മുറിയിൽ കയറിയ കാട്ടാന ഡെസ്കും ബെഞ്ചും ഉൾപ്പെടെ തകർത്തു.
ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത് തടയാൻ ഫെൻസിങ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്.
വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന തോട്ടം തൊഴിലാളിയുടെ വീട് ആക്രമിച്ചു.



















