ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും കാവൽക്കാരാണ് തങ്ങളെന്ന അമേരിക്കയുടെ വാദങ്ങൾ പൊള്ളയാണെന്ന് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്ത കമ്പ്യൂട്ടർ പ്രോഗ്രാമറും ആക്ടിവിസ്റ്റുമാണ് ജൂലിയൻ അസാഞ്ജ്. 2006-ൽ സ്ഥാപിച്ച വിക്കിലീക്സ് എന്ന മാധ്യമസ്ഥാപനത്തിലൂടെ ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന ആയിരക്കണക്കിന് വിവരങ്ങളാണ് അസാഞ്ജ് പുറത്തുവിട്ടത്. അമേരിക്ക മുതൽ സൊമാലിയ വരെയുള്ള രാജ്യങ്ങൾ നടത്തിയ കുറ്റകൃത്യങ്ങളും ഗൂഢാലോചനകളും വിക്കിലീക്സ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടി.
വിക്കിലീക്സിന്റെയും അസാഞ്ജയുടെയും പ്രവർത്തനങ്ങൾ ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്കാണ് വഴിതുറന്നത്. വിസിൽ ബ്ലോവർമാർക്ക് പരിരക്ഷ നൽകുന്ന പുതിയ നിയമങ്ങൾ പല രാജ്യങ്ങളിലും നിലവിൽ വരുന്നതിനും വിക്കിലീക്സ് കാരണമായി. വിക്കിലീക്സിലൂടെ ആഗോളതലത്തിൽ തന്നെ തീവ്രവാദത്തിന് ലോകത്തെ പല രാജ്യങ്ങളും നൽകിയ പിന്തുണയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലോകമറിഞ്ഞു.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാഞ്ജ് ലോകശ്രദ്ധ നേടിയത്. 2010-ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകൾ വരുന്ന രേഖകളാണ് ഇപ്രകാരം വിക്കിലീക്സ് പുറത്തുവിട്ടത്. പല രാജ്യങ്ങളിൽ നിന്നുള്ള വിസിൽ ബ്ലോവേഴ്സ് വിക്കിലീക്സിന് വിവരങ്ങൾ കൈമാറി. യുദ്ധക്കുറ്റം മുതൽ ശാസ്ത്രലോകത്തെ തട്ടിപ്പ് വരെ അവർ പ്രസിദ്ധീകരിച്ചു.
ജീവിതം സമരമാക്കി മാറ്റിയ അസാഞ്ജ്, യുഎസുമായുണ്ടാക്കിയ കുറ്റസമ്മത കരാർ പ്രകാരമാണ് സ്വന്തം നാടായ ഓസ്ട്രേലിയയിൽ തിരിച്ചെത്തിയത്. അമേരിക്കയ്ക്ക് ചില്ലറ തലവേദനയല്ല ജൂലിയൻ അസാഞ്ജയും വിക്കിലീക്സും സമ്മാനിച്ചത്. അതുകൊണ്ടുതന്നെ, ഒരായുഷ്കാലം മുഴുവൻ തടവിൽ കഴിഞ്ഞാലും തീരുന്ന കുറ്റങ്ങളല്ല, അസാഞ്ജിനെതിരെ അമേരിക്ക ചുമത്തിയിരുന്നത്.