താജിക്കിസ്ഥാനിലെ ഹിജാബ് നിരോധനം: മതപരമായ വസ്ത്രങ്ങൾക്കെതിരെ സർക്കാർ നടപടി
താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചിരിക്കുകയാണ്. 90 ശതമാനം മുസ്ലിങ്ങളുള്ള രാജ്യത്ത് ഹിജാബിനെ വിദേശ വസ്ത്രമെന്ന് വിശേഷിപ്പിച്ചാണ് പ്രസിഡൻ്റ് ഇമോമലി റഹ്മോൻ നിരോധനവുമായി മുന്നോട്ട് വന്നത്. രാജ്യത്തെ സംസ്കാരത്തിന് വിരുദ്ധമെന്ന് കരുതുന്ന വിദേശ വസ്ത്രങ്ങളുടെ ഇറക്കുമതി, വിൽപ്പന, പ്രചാരണം, വസ്ത്രധാരണം എല്ലാം നിരോധിച്ചിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവരിൽ നിന്ന് 747 ഡോളർ മുതൽ 3724 ഡോളർ വരെ പിഴ ഈടാക്കും. ഈദ്, നവ്റോസ് ആഘോഷ സമയങ്ങളിൽ കുട്ടികൾക്ക് പണം സമ്മാനമായി നൽകുന്നതും നിരോധിച്ചു. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും രാജ്യത്ത് ആഘോഷങ്ങളും സർക്കാർ വിലക്കിയിട്ടുണ്ട്.
1994 മുതൽ 30 വർഷമായി താജിക്കിസ്ഥാൻ ഭരിക്കുന്ന ഇമോമലി റഹ്മോൻ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നു. രാജ്യത്ത് ഭൂരിപക്ഷ മതത്തിൻ്റെ ദൃശ്യ പ്രചാരണം കുറയ്ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിൽ ഭരണകൂടം ഇടപെടുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധവും ശക്തമാണ്.