വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയൊരു സവിശേഷതയുമായി എത്തുന്നു. ‘ത്രെഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ചാറ്റുകൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കാൻ സഹായിക്കും. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സവിശേഷത വാട്സ്ആപ്പ് ബീറ്റ ഇൻഫോ എന്ന വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യക്തിഗത ചാറ്റുകൾ, കമ്മ്യൂണിറ്റികൾ, ചാനലുകൾ, ഗ്രൂപ്പുകൾ എന്നിവയിലെല്ലാം ഈ ഫീച്ചർ ലഭ്യമാകും.
ചാനലുകളിൽ മെസ്സേജുകൾക്ക് റിപ്ലൈ നൽകാനുള്ള സൗകര്യം വികസിപ്പിക്കുന്നതിനിടയിലാണ് ഈ പുതിയ സവിശേഷതയും വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഒരു സന്ദേശത്തിന് റിപ്ലൈ നൽകുമ്പോൾ, അതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഒരുമിച്ച് കാണാൻ സാധിക്കും. ഒരു നൂലിൽ കോർത്തത് പോലെ എല്ലാ സന്ദേശങ്ങളും ക്രമീകരിച്ചിരിക്കുന്നതിനാൽ ‘ത്രെഡ്’ എന്നാണ് ഈ ഫീച്ചറിന് പേരിട്ടിരിക്കുന്നത്.
ഗ്രൂപ്പുകളിൽ പല വിഷയങ്ങൾ ഒരേ സമയം ചർച്ച ചെയ്യുമ്പോൾ, താൽപ്പര്യമുള്ള വിഷയത്തിലെ എല്ലാ സന്ദേശങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ ഈ ഫീച്ചർ സഹായിക്കും. ട്രെന്റിംഗ് ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് എന്നും മുന്നിലാണ്. ഈ പുതിയ ഫീച്ചറും ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: WhatsApp is developing a new ‘Threads’ feature to organize chats effectively within groups, communities, and channels.