വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് തങ്ങളുടെ മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയൊരു ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കായുള്ള ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ പുതിയ സന്ദേശ വിവർത്തന സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. മെസ്സേജുകളുടെ തടസ്സമില്ലാത്തതും യാന്ത്രികവുമായ ഓൺ-ഡിവൈസ് വിവർത്തനം പ്രാപ്തമാക്കുന്ന ഒരു പുതിയ ക്രമീകരണ ഓപ്ഷൻ ഒരു ഫീച്ചർ ട്രാക്കർ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സ്പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), ഹിന്ദി, റഷ്യൻ തുടങ്ങിയ ഭാഷകളാണ് ട്രാൻസലേറ്റ് ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ളത്.
മലയാളം അടക്കമുള്ള മറ്റ് പ്രാദേശിക ഭാഷകൾ ഈ ഫീച്ചറിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്ട്സ്ആപ്പ് ബീറ്റയിലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം, ചില ബീറ്റാ ടെസ്റ്റർമാർക്ക് പുതിയ ഫീച്ചറിലേക്ക് ആക്സസ് ചെയ്യാൻ കഴിയും. ചാറ്റ് ലോക്ക് സെറ്റിങ്ങ്സിന് കീഴിലാകും ഈ ഫീച്ചറിൻ്റെ ടോഗിൾ ദൃശ്യമാകുക.
വാട്ട്സ്ആപ്പ് നിലവിൽ മെസ്സേജുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ പുതിയ ഫീച്ചർ കമ്പനിയുടെ സെർവറുകൾ ഉപയോഗിക്കുന്നതിന് പകരം ഉപയോക്താവിന്റെ ഡിവൈസിൽ മെസ്സേജുകൾ പ്രോസസ്സ് ചെയ്യും. ഒരു സ്മാർട്ട്ഫോണിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഭാഷാ പായ്ക്കുകൾ തെരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാൻ വാട്ട്സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെടും. ചാറ്റുകൾക്ക് പുറമേ വാട്ട്സ്ആപ്പ് ചാനലുകളിലും ഈ ഫീച്ചർ ലഭ്യമാകും.
അറിയാത്ത ഭാഷയിലുള്ള മെസ്സേജുകൾ വരുമ്പോൾ ഇനി ഗൂഗിൾ ട്രാൻസലേറ്ററിന്റെ സഹായം തേടേണ്ടതില്ല. പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് മെസ്സേജുകൾ അവരുടെ ഇഷ്ടഭാഷയിലേക്ക് നേരിട്ട് തന്നെ വിവർത്തനം ചെയ്യാൻ സാധിക്കും. ഇത് വാട്ട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കും.
Story Highlights: WhatsApp is testing a new message translation feature in its latest beta version for Android smartphones.