ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് റിപ്പോർട്ടർ ചാനലിനെതിരെ പരാതി നൽകി. നിരുത്തരവാദപരമായ മാധ്യമവിചാരണയാണ് റിപ്പോർട്ടർ ടിവി നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സ്വകാര്യതയെ അവഹേളിക്കുന്ന വാർത്താ ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടത് കോടതി വിധി ലംഘിച്ചുകൊണ്ടാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് ലംഘിച്ചതായും പരാതിയിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ, നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.
റിപ്പോർട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങൾ സംശയാസ്പദമാണെന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി നൽകിയവരെ തിരിച്ചറിയാൻ പാകത്തിലാണെന്നും അവർ വ്യക്തമാക്കി. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി, അതിന് വിധേയരായ സ്ത്രീകളുടെ ജീവിതങ്ങളെ ദുരിതപൂർണ്ണവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.
Story Highlights: WCC files complaint against Reporter TV for irresponsible media trial and invasion of privacy