വയനാട് വന്യജീവി സങ്കേതത്തിലെ തോല്പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില് ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം നടക്കുകയാണ്. വേണ്ടത്ര ക്രമീകരണങ്ങള് ഇല്ലാതെ വനംവകുപ്പ് കുടിലുകള് പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. തോല്പട്ടി ബേഗൂരില് മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചത്. പകരം സംവിധാനം ഇല്ലാത്തതിനാല് കുടുംബം ഇന്നലെ ഉറങ്ങിയത് കുടില് പൊളിച്ച സ്ഥലത്താണ്. അസിസ്റ്റന്റ് വൈല്ഡ് ലൈഫ് വാര്ഡന് ഷിബു കുട്ടനെയാണ് കുടുംബം ഉപരോധിക്കുന്നത്. സമരത്തില് ബി ജെ പി, കോണ്ഗ്രസ് പ്രവര്ത്തകരും പങ്കുചേര്ന്നിട്ടുണ്ട്.
വിഷയത്തില് ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന് പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. വേറെ താമസിക്കാനുള്ള സൗകര്യം നല്കാതെ ഗര്ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുകയാണ് ചെയ്തതെന്നും ഇത് ക്രൂരമായ നടപടിയാണെന്നും സിദ്ദിഖ് വ്യക്തമാക്കി. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഇത് ചെയ്തതെന്നും ഇതാണോ ഇടതുപക്ഷ സര്ക്കാരിന്റെ നയമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വയനാട് തോല്പ്പെട്ടിയില് കുടിലുകള് പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തില് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പ്രഖ്യാപിച്ചു. സംഭവത്തില് ചീഫ് വൈല്ഡ് ലൈഫ് വാര്ഡനില് നിന്ന് മന്ത്രി റിപ്പോര്ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയില് തോല്പ്പെട്ടി റേഞ്ച് ഓഫീസിനു മുന്നില് ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല് ഉണ്ടായത്.
Story Highlights: Tribal families protest after forest department demolishes huts in Wayanad Wildlife Sanctuary