വയനാട്ടിലെ ദുരന്തത്തിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതി, ഇന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. രാവിലെ പത്തു മണിയോടെ കളക്ടറേറ്റിലെത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു ശേഷം മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും നൽകിയ വാഗ്ദാനം പാലിക്കപ്പെടുകയാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സർക്കാർ ഉത്തരവിലൂടെയാണ് ശ്രുതിക്ക് റവന്യു വകുപ്പിൽ നിയമനം ലഭിച്ചത്.
ജോലിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി, ടി.സിദീഖ് എംഎൽഎ ഇന്നലെ ശ്രുതിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ, അവളുടെ പ്രതിശ്രുത വരനായ ജെൻസണെയും ഒരു വാഹനാപകടത്തിൽ നഷ്ടമായി.
വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെൻസൺ വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം. ഇത്രയേറെ വേദനകൾക്കിടയിലും ശ്രുതി ഇന്ന് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സർക്കാർ ജോലിയിലൂടെ അവൾക്ക് സാമ്പത്തിക സുരക്ഷിതത്വവും സാമൂഹിക പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Wayanad landslide survivor Shruthi joins government job as clerk in Revenue Department