മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ശ്രുതിയുടെ അമ്മയുടെ മൃതശരീരം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. ശ്രുതിയുടെ ആവശ്യപ്രകാരമായിരുന്നു ഈ സംസ്കാര ചടങ്ങ് നടത്തിയത്. വയനാട് എംഎൽഎ ടി സിദ്ദിഖ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു. “സാറേ… എനിക്കെന്റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എന്ന ശ്രുതിയുടെ വാക്കുകൾ തന്നെ ഒന്നാകെ ഉലച്ചുകളഞ്ഞുവെന്ന് സിദ്ദിഖ് കുറിച്ചു.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ അടക്കം ചെയ്തു. ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്റെ അച്ഛന്റെ വേദന വല്ലാത്തതായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ശ്രുതി കരഞ്ഞില്ലെന്നും, കണ്ണീർ വറ്റിപ്പോയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം പള്ളിയിലെ ഖബറിൽ നിന്ന് ചർച്ചിലേക്കും, ഹൈന്ദവ ശ്മശാനത്തിലേക്കും, പുത്തുമലയിലെ പൊതു ശ്മശാനത്തിൽ നിന്നും തിരിച്ചും ഡിഎൻഎ വഴി തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ എടുത്ത് മാറ്റുന്ന പ്രക്രിയ ദിവസവും നടക്കുന്നുണ്ടെന്ന് സിദ്ദിഖ് വ്യക്തമാക്കി. വൈറ്റ് ഗാർഡിന്റെ സേവനത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അമ്മയെ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കാൻ നേതൃത്വം നൽകിയ സേവാഭാരതിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Story Highlights: T Siddique shares emotional account of Shruthi’s mother’s reburial following Hindu customs in Wayanad landslide aftermath