വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി സാലറി ചലഞ്ച് ആരംഭിച്ചിരുന്നു. ഈ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പിഎഫിൽ നിന്ന് കിഴിവ് ചെയ്യാനും ആർജിത അവധി സറണ്ടർ ചെയ്യാനും സന്നദ്ധത അറിയിച്ച ജീവനക്കാരുടെ തുക പിടിക്കാൻ സർക്കാർ ഉത്തരവിറക്കി. പല ജീവനക്കാരും അനുമതി അപേക്ഷ നൽകാത്തതിനാൽ പ്രതീക്ഷിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി.
ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഇനി ജീവനക്കാരുടെ അപേക്ഷയ്ക്കായി കാത്തിരിക്കേണ്ടതില്ല. അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്ന സർക്കാരിന്റെ ആവശ്യത്തെ തുടർന്ന്, നിരവധി ജീവനക്കാർ ശമ്പളത്തിൽ നിന്നും പിഎഫിൽ നിന്നും ലീവ് സറണ്ടറിൽ നിന്നും തുക പിടിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ശമ്പളത്തിൽ നിന്ന് പിടിക്കാൻ സന്നദ്ധത അറിയിച്ചവരുടെ സാലറിയിൽ നിന്ന് തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, പിഎഫ്, ആർജിത അവധി തുടങ്ങിയവ പ്രോസസ്സ് ചെയ്യുന്നതിന് ജീവനക്കാരുടെ അപേക്ഷയും അനുമതിയും ആവശ്യമാണ്. സംഭാവന നൽകാൻ ജീവനക്കാർ സന്നദ്ധത അറിയിച്ചിട്ടും തുടർനടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. അത്തരം ഉദ്യോഗസ്ഥരുടെ ശമ്പള ബിൽ സ്പാർക്കിൽ തയ്യാറാക്കുന്നതിന് ബുദ്ധിമുട്ട് നേരിടാനിടയുണ്ടെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരുടേത് ഉൾപ്പെടെ ക്ലെയിമുകൾക്കുള്ള അപേക്ഷയായി കണക്കാക്കി മെയ് 31ന് ബില്ലുകൾ ജനറേറ്റ് ചെയ്യാനാണ് ഉത്തരവ്. ശമ്പളം പിടിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് സാലറി ചലഞ്ച് ആരംഭിച്ചത്.
Story Highlights: The Kerala government has ordered the deduction of pledged amounts from PF and surrendered earned leave for the Wayanad landslide salary challenge.