മുണ്ടക്കൈ ഉരുൾപൊട്ടൽ: റഡാർ പരിശോധനയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തി

Anjana

Mundakkai landslide rescue

മുണ്ടക്കൈയിൽ നടത്തിയ റഡാർ പരിശോധനയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ രണ്ട് തവണയാണ് സിഗ്നൽ ലഭിച്ചത്. ശ്വാസത്തിന്റെ സിഗ്നലാണ് റഡാർ പരിശോധനയിൽ ലഭിച്ചത്. സിഗ്നൽ ലഭിച്ചതിന് സമീപം കിണറുമുണ്ടെന്നും, കിണറിൽ നേരത്തെ പരിശോധന നടത്തിയെന്നും എൻഡിആർഎഫ് അറിയിച്ചു.

കെട്ടിടത്തിന്റെ അടുക്കള ഭാഗത്താണ് സിഗ്നൽ ലഭിച്ചത്. മൂന്ന് മീറ്റർ ആഴത്തിൽ തുടർച്ചയായി സിഗ്നൽ ലഭിച്ചു. കാണാതായത് പിതാവിനെയും സഹോദരനെയുമാണെന്ന് കെട്ടിട ഉടമ യൂനസ് പറഞ്ഞു. വീട്ടിൽ വളർത്ത് മൃഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനുള്ള വസ്തു എന്തുമാകാമെന്നും പരിശോധനയ്ക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിനത്തിലെ നിർണായക ദൗത്യമാണിപ്പോൾ നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെട്ടിടത്തിൽ ജീവനോടെ ആരെങ്കിലും ഉണ്ടാകുമെന്ന സംശയമുള്ളതിനാൽ സൂക്ഷ്മമായിട്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് എൻഡിആർഎഫ് സംഘം കെട്ടിടത്തിന്റെ ഒരു ഭാഗം നീക്കം ചെയ്താണ് തിരച്ചിൽ നടത്തുന്നത്. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് ആളുകളെ അകലത്തേക്ക് മാറ്റിയിട്ടുണ്ട്. ജീവനുള്ള ഒരു വസ്തുവായിരിക്കാം കെട്ടിടത്തിനുള്ളിലുണ്ടാകുകയെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചിരിക്കുന്നതെന്ന് സിഗ്നൽ ലഭിച്ച കെട്ടിടത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസി പറഞ്ഞു.

Story Highlights: Radar inspection detects signs of life in Mundakkai landslide rescue operation

Image Credit: twentyfournews