വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ, ആരോഗ്യ മന്ത്രി വീണാ ജോർജ് വയനാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങൾ ഒരുക്കണമെന്നും വയനാട്ടിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീമുകൾ ഇതിനകം പുറപ്പെട്ടതായും, തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് സർജറി, ഓർത്തോപീഡിക്സ് വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കാനും നിർദേശം നൽകി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കുമെന്നും, മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ആശുപത്രികളുടെ സൗകര്യങ്ങൾക്കനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും, ആവശ്യമെങ്കിൽ താത്ക്കാലിക ആശുപത്രികളും അധിക മോർച്ചറി സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി.
Story Highlights: Health Minister Veena George directs focus on northern districts following Wayanad landslide