കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ വയനാട്ടിൽ നവംബർ 19 ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫും എൽഡിഎഫും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുക. എന്നാൽ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വയനാടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടും, ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെയാണ് ഈ ഹർത്താൽ. വയനാടിനായി 1500 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതിനോട് നിഷേധാത്മകമായാണ് പ്രതികരിച്ചത്.
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക കേന്ദ്ര സഹായം ലഭിക്കില്ലെന്നും, ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights: LDF and UDF announce hartal in Wayanad on November 19 to protest against central government’s neglect