വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. കേന്ദ്ര സഹായം ലഭിക്കാത്തതിൽ സർക്കാർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ മറുപടി നൽകും. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പുനരധിവാസത്തെ ബാധിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ദുരിതബാധിതർ സമര മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ കോടതി ഇടപെടൽ നിർണായകമാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണെന്നും ഈ ഫണ്ട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും വ്യക്തമാക്കി. ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നൽകിയില്ലെന്നും സംസ്ഥാന സർക്കാർ നൽകിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും അതോറിറ്റി അറിയിച്ചു.
തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഈ ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ പുനർനിർമ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കോടതിയുടെ ഇടപെടൽ നിർണായകമാകുമെന്ന് കരുതപ്പെടുന്നു.
Story Highlights: Wayanad disaster case to be considered by High Court special bench, state expresses dissatisfaction over lack of central aid