വയനാട് ദുരന്തം ഏത് വിഭാഗത്തിൽപ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി രണ്ടാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോർട്ടിൻമേൽ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സർക്കാർ ഈ മറുപടി നൽകിയത്. ഇക്കാര്യത്തിൽ കഴിഞ്ഞ തവണയും കോടതി കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാർത്തകൾ വരുന്നുണ്ടല്ലോയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ട്രഷറി അക്കൗണ്ട് വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ നഷ്ടപരിഹാരം നൽകാൻ സംവിധാനമുണ്ടാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന് പാരാമെട്രിക് ഇന്ഷുറന്സ് ഏര്പ്പെടുത്തണമെന്ന കാര്യം അമിക്കസ് ക്യൂറി കോടതിയിൽ ഉന്നയിച്ചു.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകൾ കൂടാതെ സ്വകാര്യ മേഖലയെ സഹകരിപ്പിച്ചു കൊണ്ടും പാരാമെട്രിക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാകുമെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി. നാഗാലാന്ഡ് മാതൃകയിലുള്ള ഇന്ഷുറന്സ് പദ്ധതി നടപ്പാക്കണമെന്നാണ് അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്. ഇത്തരം നടപടികൾ വഴി ദുരന്ത ബാധിതർക്ക് കൂടുതൽ സഹായം ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Central government to decide on Wayanad disaster classification within two weeks, High Court informed