കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചതിനാലാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി ആരോപിച്ചു. രാഹുൽ ഗാന്ധിയെ ഒരു ഗുണവുമില്ലാത്ത എംപിയെന്ന് വിമർശിച്ച അദ്ദേഹം, ഇക്കുറി വയനാട്ടിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയപ്രതീക്ഷയുണ്ടെന്ന് അനിൽ ആന്റണി വ്യക്തമാക്കി.
വയനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രിയങ്കാഗാന്ധി ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയാണ് ഈ തെരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി. വയനാട് രണ്ടാം വീടെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസിൻറെ മറുപടി.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി സത്യൻമൊകേരിയോ ഇ എസ് ബിജിമോളോ ആകാനാണ് സാധ്യത. 2014ലെ തെരഞ്ഞെടുപ്പിൽ എംഐ ഷാനവാസിൻറെ ഭൂരിപക്ഷം ഇടിക്കാനായതിൻറെ അനുഭവമുള്ളയാളാണ് സത്യൻമൊകേരി. പ്രിയങ്കാഗാന്ധിക്ക് എതിരാളി മറ്റൊരു വനിതാ സ്ഥാനാർത്ഥിയെങ്കിൽ ഇ എസ് ബിജിമോൾക്കാവും നറുക്ക്. വയനാട് രണ്ടാം വീടെന്ന് പറഞ്ഞ രാഹുൽഗാന്ധി മണ്ഡലം വിട്ടൊഴിഞ്ഞതാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം. മണ്ഡലത്തിലെ ജനതയെ ചതിച്ചുവെന്നാണ് പ്രചാരണത്തിലുടനീളം ഇടതുമുന്നണി ഉയർത്താൻ പോകുന്നത്.
Story Highlights: BJP criticizes Congress for Wayanad by-election, UDF campaigns begin with Priyanka Gandhi