പാർലമെന്റിൽ വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് കെസിബിസിയും സിബിസിഐയും ചൂണ്ടിക്കാട്ടി ബില്ലിനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് സഭയ്ക്കുള്ളിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. ലോക്സഭയിൽ കോസ്റ്റൽ ഷിപ്പിങ് ബില്ലും ഇന്ന് അവതരിപ്പിക്കും. വഖഫ് നിയമ ഭേദഗതി ബിൽ ഈ സഭാ കാലയളവിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. രാജ്യസഭയിൽ ത്രിഭുവൻ സഹകാരി യൂണിവേഴ്സിറ്റി ബില്ലിന്മേലുള്ള ചർച്ച ഇന്നും തുടരും.
മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡ് നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നും സിബിസിഐ ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. മുനമ്പം ഉൾപ്പെടെയുള്ള ഭൂമി തർക്കങ്ങൾക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കുമെന്നും സിബിസിഐയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
കേരളത്തിലെ എംപിമാർ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് സിബിസിഐ വ്യക്തമാക്കി. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നും സിബിസിഐ വ്യക്തമാക്കി.
Story Highlights: The Indian government is set to introduce the Waqf Amendment Bill in Parliament, sparking protests from the opposition.