രാജ്യസഭയും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബിൽ അയച്ചിരിക്കുകയാണ്. രാഷ്ട്രപതി ഒപ്പിട്ടാൽ ബിൽ നിയമമാകും. ഇത്രയേറെ വിശദമായ ചർച്ചകൾ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
മുനമ്പം വിഷയവും മന്ത്രി പരാമർശിച്ചു. ആദ്യം അവതരിപ്പിച്ച ഡ്രാഫ്റ്റിൽ നിന്ന് മാറ്റങ്ങൾ വരുത്തിയതാണ് ഈ ബിൽ എന്നും കിരൺ റിജിജു വ്യക്തമാക്കി. വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിങ്ങൾ ഇല്ലെന്നും മുസ്ലിം ഭൂരിപക്ഷത്തെ കുറയ്ക്കുകയാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെതിരെ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കേരളത്തിൽ നിന്നുള്ള ഇടത് അംഗങ്ങൾ സഭയിലെത്തിയത്. മുനമ്പത്ത് ഒരാൾക്ക് പോലും വീട് നഷ്ടമാകില്ലെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് പറഞ്ഞു.
2014 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വഖഫ് ഭൂമിയിന്മേൽ ഉള്ള കടന്നുകയറ്റം തടയുമെന്ന് ബിജെപി പറഞ്ഞിരുന്നതായി ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഭരണഘടനാ ലംഘനമാണ് ബില്ലിൽ ഉടനീളമെന്നും മതത്തിന്റെ പേരിൽ വേർതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്ത് 600 ഓളം കുടുംബങ്ങളെ ചതിയിൽപ്പെടുത്തിയിരിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു.
പരിഹാരത്തിനായി രൂപീകരിച്ച കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജനങ്ങൾ പ്രമേയം അറബിക്കടലിൽ ചവിട്ടി താഴ്ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിൽ രാജ്യസഭയും കടന്നതോടെ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ ഒപ്പുമതി മാത്രം മതി.
എന്നാൽ ബിൽ പാസായാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. അതിനാൽ വഖഫ് നിയമഭേദഗതി ബിൽ പാസായാലും നിയമപോരാട്ടങ്ങൾ തുടരും. രണ്ടാം മോദി സർക്കാരിന്റെ ആദ്യ നീക്കങ്ങളിൽ ഒന്നായിരുന്നു വഖഫ് ഭേദഗതി ബിൽ.
ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954 ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു.
1995 ൽ ഈ നിയമം റദ്ദാക്കി വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടർന്ന് 2013 ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വഖഫിന്റെ പ്രവർത്തനം. പുതിയ ഭേദഗതി നിയമപ്രകാരം 44 വകുപ്പുകളിൽ മാറ്റം വരും.
വഖഫ് നിയമത്തിന്റെ സെക്ഷൻ 3 ( ഐ )യിൽ മാറ്റം വരും. ഭേദഗതി നിലവിൽ വന്നാൽ കൃത്യമായ രേഖകൾ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും.
അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാൾക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാൻ സാധിക്കുകയുള്ളു. വഖഫ് ബോർഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടും. ഭേദഗതി പ്രകാരം ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിന് നഷ്ടമാകും.
വസ്തുവിന്റെ സർവേ ഉത്തരവാദിത്തം ജില്ലാ കലക്ടർമാർക്കായിരിക്കും. നിലവിൽ ഭൂരിപക്ഷം വഖഫ് ബോർഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാൽ പുതിയ ബില്ല് നിയമമാകുന്നതോടെ സർക്കാരിന് മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രൈബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.
Story Highlights: The Indian Parliament passed the Waqf Amendment Bill, marking a significant change in Waqf property administration.