പാർലമെന്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ ഔദ്യോഗികമായി നിയമമായി മാറി. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിലും വിനിയോഗത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ നിയമഭേദഗതി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസായത്.
ലോക്സഭയിൽ 232-ന് എതിരെ 288 വോട്ടുകൾക്കും രാജ്യസഭയിൽ 95-ന് എതിരെ 128 വോട്ടുകൾക്കുമാണ് ബിൽ പാസായത്. പുതിയ ഭേദഗതി പ്രകാരം വഖഫ് നിയമത്തിലെ 44 വകുപ്പുകളിൽ മാറ്റം വരും. ഇരുസഭകളിലും ബില്ലിന്മേലുള്ള ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.
വഖഫ് ബോർഡുകളുടെ അധികാര പരിധിയിലും സ്വത്ത് വിനിയോഗത്തിലും നിയന്ത്രണങ്ങൾ വരും. ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിന് നഷ്ടപ്പെടും. ഇനിമുതൽ വസ്തുവിന്റെ സർവേയുടെ ഉത്തരവാദിത്തം ജില്ലാ കളക്ടർമാർക്കായിരിക്കും.
ഇസ്ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യമോ സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളാണ് വഖഫ്. 1954-ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു.
1995-ൽ ഈ നിയമം റദ്ദാക്കി വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ വഖഫിന്റെ പ്രവർത്തനം. രണ്ടാം മോദി സർക്കാരിന്റെ ആദ്യ നീക്കങ്ങളിൽ ഒന്നായിരുന്നു ഈ വഖഫ് ഭേദഗതി ബിൽ.
വഖഫ് നിയമത്തിന്റെ സെക്ഷൻ 3 (ഐ)യിൽ മാറ്റം വരും. കൃത്യമായ രേഖകൾ വച്ചുകൊണ്ട് മാത്രമേ ഇനി വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ ഇല്ലാതാകും. അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാൾക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാൻ സാധിക്കൂ.
നിലവിൽ ഭൂരിപക്ഷം വഖഫ് ബോർഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാൽ പുതിയ ബില്ല് നിയമമാകുന്നതോടെ സർക്കാരിന് മുഴുവൻ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രൈബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും. 17 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ബില്ല് രാജ്യസഭ കടന്നത്. ലോക്സഭയിൽ 13 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബില്ല് പാസായത്.
Story Highlights: The President of India has given assent to the Waqf Act Amendment Bill, officially making it a law after facing strong opposition in Parliament.