തിരുവനന്തപുരം കോർപറേഷന്റെ വീഴ്ചയാണ് ആമഴയിഞ്ചാൻ തോട്ടിലെ അപകടത്തിന് കാരണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആരോപിച്ചു. മാലിന്യ സംസ്കരണത്തിൽ കോർപറേഷൻ പരാജയപ്പെട്ടതായും, തൊഴിലാളി എത്രയും പെട്ടെന്ന് സുരക്ഷിതനായി കണ്ടെത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൃത്യമായ മാലിന്യ സംസ്കരണമില്ലാത്തതിനാൽ വലിച്ചെറിയപ്പെടുന്ന മാലിന്യം അടിഞ്ഞുകൂടിയാണ് അപകടമുണ്ടായതെന്ന് രാജേഷ് ചൂണ്ടിക്കാട്ടി. എല്ലാ ഓടകളിലും മാലിന്യം കുന്നുകൂടി ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതായും, നഗരസഭ തൊഴിലാളികൾ കൃത്യമായി മാലിന്യം ശേഖരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാലിന്യ സംസ്കരണത്തിനായി ചെലവഴിച്ച കോടികൾ എവിടെയെന്ന് അദ്ദേഹം ചോദ്യമുയർത്തി.
തിരുവനന്തപുരം നഗരസഭയുടെ ഭരണം പക്വതയില്ലാത്ത കരങ്ങളിലാണെന്നും, പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കാനുള്ള കഴിവില്ലെന്നും രാജേഷ് വിമർശിച്ചു. മാലിന്യ സംസ്കരണത്തിനുള്ള പണം വകമാറ്റി ചെലവഴിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, നഗരഭരണം സ്തംഭിച്ചിരിക്കുന്നതായും പരാജയമാണെന്നും പറഞ്ഞു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട രാജേഷ്, മേയർക്ക് തർക്കുത്തരം പറയാനല്ലാതെ മറ്റൊന്നും അറിയില്ലെന്നും കുറ്റപ്പെടുത്തി.