വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതു കൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതു കൊണ്ടും ഒരു കലാ സൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹം ‘എമ്പുരാൻ’ കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം.
സംഘ പരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘ പരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് താൻ സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർഎസ്എസ്സിന്റെയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്. ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തു വന്നിരിക്കുന്നു.
ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാ സൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന ചിത്രമാണ് ‘എമ്പുരാനെ’ന്ന് അദ്ദേഹം വിലയിരുത്തി.
Story Highlights: Kerala CM Pinarayi Vijayan criticizes the threats and hate campaign against the film ‘Empuraan’, emphasizing the importance of freedom of expression in a democratic society.