വിതുര(തിരുവനന്തപുരം)◾ മരുതാമല മക്കിയിലെ ഐസർ ക്യാംപസിനു സമീപം ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് വിരട്ടി കാട് കയറ്റി. പടക്കം പൊട്ടിച്ചാണ് കാട്ടാനക്കൂട്ടത്തെ കാട് കയറ്റിയത്. കുട്ടി ഉൾപ്പെടെ ഏഴോളം കാട്ടാനകളാണ് ജനവാസ മേഖലയിലേക്ക് കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയത്. തുടർന്ന് പരിഭ്രാന്തരായ പ്രദേശ വാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് വിരട്ടി ആനക്കൂട്ടത്തെ കാട് കയറ്റുകയായിരുന്നു.
പ്രദേശത്ത് വന്യ മൃഗ ശല്യം രൂക്ഷമാണ്. കാട്ടാനകൾ ഇടയ്ക്കിടയ്ക്ക് ജനവാസ മേഖലയിലേക്ക് എത്തുന്ന പതിവുണ്ട്. നാരകത്തിൻകാലയിലും വലിയകാലയിലും കാട്ടനക്കൂട്ടം എത്താറുണ്ട്. കല്ലാർ മൊട്ടമൂട്, ആറാനക്കുഴി മേഖലയിലും പേപ്പാറ പൊടിയക്കാല, തച്ചരുകാല, ഒരുപറ മേഖലയിലും ശല്യം രൂക്ഷമാണ്. ഇവിടങ്ങളിൽ കൃഷി നാശവും പതിവാണ്. മണലി വാർഡിലെ ചെമ്പിക്കുന്ന്, കല്ലൻകുടി മേഖലയിലും കാട്ടാനക്കൂട്ടം പതിവായി എത്താറുണ്ട്. കാട്ടാനയ്ക്ക് പുറമേ പോത്ത്, പന്നി, കുരങ്ങ് എന്നിവയുടെ ശല്യവും പലയിടങ്ങളിലുമുണ്ട്.
കാട്ടാന ഉൾപ്പെടെയുള്ളവയുടെ ശല്യം അകറ്റാൻ പര്യാപ്തമായ മാർഗങ്ങൾ അവലംബിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇതു പലപ്പോഴും അവലംബിക്കപ്പെടുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് കാട്ടാന ആക്രമണത്തിലൂടെ മാത്രമായി ഉണ്ടായത്. ആക്രമണത്തിൽ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരുമുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും ജോലിക്കു പോകാൻ കഴിയുന്നില്ലെന്നത് പല കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ ഇളക്കിയിട്ടുണ്ട്.
Story Highlights: വിതുരയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് പടക്കം പൊട്ടിച്ച് തുരത്തി.