സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ബ്രാൻഡ് ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതെന്നും കോഹ്ലി വ്യക്തമാക്കി. ആർസിബി ലാബ്സിന്റെ ഇന്ത്യൻ സ്പോർട്സ് ഉച്ചകോടിയിലാണ് കോഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.
സോഷ്യൽ മീഡിയ ഉപയോഗം ശാരീരികമായും മാനസികമായും തന്റെ ഊർജ്ജം നഷ്ടപ്പെടുത്തുന്നതായി കോഹ്ലി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 27 കോടിയിലേറെ ഫോളോവേഴ്സുള്ള കോഹ്ലി അടുത്ത കാലത്തായി സോഷ്യൽ മീഡിയ ഉപയോഗം വളരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗം കുറച്ചതോടെ തന്റെ ഗെയിമിലും മാറ്റങ്ങളുണ്ടായതായി കോഹ്ലി ചൂണ്ടിക്കാട്ടി.
സ്മാർട്ട്ഫോൺ ഇല്ലാത്ത കാലത്താണ് താൻ ജനിച്ചതെന്നും അതുകൊണ്ട് തന്നെ ഇത് മാറ്റിവെക്കാൻ എളുപ്പമാണെന്നും കോഹ്ലി പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്മാർട്ട്ഫോൺ ഉപയോഗം നന്നായി കുറച്ചിട്ടുണ്ട്. പലരും അതിൽ അസന്തുഷ്ടരാണെങ്കിലും അത് മനഃപൂർവ്വം ചെയ്യുന്നതാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന ശ്രദ്ധയും ട്രാക്ഷനും അവിശ്വസനീയമാണെന്ന് കോഹ്ലി പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നതിലൂടെ തനിക്കും ഗെയിമിനും തന്നെ ഇഷ്ടപ്പെടുന്നവർക്കും ഉണ്ടാകുന്ന ഊർജ്ജനഷ്ടം ഇല്ലാതാക്കാൻ കഴിഞ്ഞു. ചാംപ്യൻസ് ട്രോഫി നേടിയ കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് തന്നിൽ സന്തോഷം വർദ്ധിപ്പിക്കുന്ന കാര്യമല്ലെന്നും കോഹ്ലി പറഞ്ഞു.
ട്രോഫി നേടിയെന്ന് എല്ലാവർക്കും അറിയാമെന്നും ഞാൻ അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നതുകൊണ്ട് മറ്റൊരു ട്രോഫി കൂടി ലഭിക്കില്ലെന്നും കോഹ്ലി വ്യക്തമാക്കി. സ്വകാര്യ ജീവിതത്തെ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റി നിർത്താൻ ബോധപൂർവ്വം തന്നെ ശ്രമിക്കുന്നുണ്ടെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Story Highlights: Virat Kohli reveals why he’s limiting his social media presence, citing energy drain and a focus on personal life.