ബ്രിസ്ബേനിലെ ഗാബയില് നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില് ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയ വിരാട് കോഹ്ലി തന്റെ കരിയറിലെ മറ്റൊരു അപൂർവ്വ നേട്ടം കൂടി സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരെ നൂറോ അതിലധികമോ അന്താരാഷ്ട്ര മത്സരങ്ങളില് പങ്കെടുക്കുന്ന രണ്ടാമത്തെ കളിക്കാരനായി കോഹ്ലി മാറുകയായിരുന്നു. ഇതോടെ, ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിനൊപ്പം എലൈറ്റ് പട്ടികയില് കോഹ്ലിയും ഇടംപിടിച്ചു.
24 വര്ഷം നീണ്ട കരിയറില് സച്ചിന് ഓസ്ട്രേലിയക്കെതിരെ 110 മത്സരങ്ങളാണ് കളിച്ചത്. എന്നാല് കോഹ്ലി ഇതുവരെ 28 ടെസ്റ്റുകളും 49 ഏകദിനങ്ങളും 23 ടി20കളും ഉള്പ്പെടെ 100 മത്സരങ്ങള് ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളില് നിന്ന് 117 ഇന്നിംഗ്സുകളിലായി 50.24 ശരാശരിയില് 17 സെഞ്ചുറികളും 27 അര്ധ സെഞ്ച്വറികളും ഉള്പ്പെടെ 5326 റണ്സ് നേടാന് കോഹ്ലിക്ക് സാധിച്ചു.
ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല് മത്സരങ്ങള് കളിച്ച കളിക്കാരുടെ പട്ടികയില് സച്ചിന് ടെണ്ടുല്ക്കറും (110) വിരാട് കോലിയും (100) ഒന്നും രണ്ടും സ്ഥാനങ്ങളില് നില്ക്കുമ്പോള്, വെസ്റ്റ് ഇന്ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്സ് (97), ഇന്ത്യയുടെ എംഎസ് ധോണി (91), വെസ്റ്റ് ഇന്ഡീസിന്റെ സര് വിവ് റിച്ചാര്ഡ്സ് (88) എന്നിവര് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില് നില്ക്കുന്നു. പെര്ത്തില് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കോഹ്ലി തന്റെ 81-ാം അന്താരാഷ്ട്ര സെഞ്ചുറിയും ടെസ്റ്റ് ക്രിക്കറ്റിലെ 30-ാം സെഞ്ചുറിയും നേടിയിരുന്നു. എന്നാല്, പരമ്പരയിലെ മറ്റ് മൂന്ന് ഇന്നിംഗ്സുകളില് 7, 5, 11 എന്നീ നിരാശാജനകമായ സ്കോറുകള് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
Story Highlights: Virat Kohli becomes second player to play 100 international matches against Australia, joining Sachin Tendulkar in elite list.