ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലയണൽ മെസ്സി, കിലിയൻ എംബപ്പെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖ താരങ്ങളെ പിന്തള്ളിയാണ് വിനീഷ്യസിന്റെ നേട്ടം.
ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന ആറാമത്തെ ബ്രസീൽ താരമാണ് വിനീഷ്യസ്. റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക എന്നിവരാണ് മുൻപ് ഫിഫയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 2007-ൽ കക്ക പുരസ്കാരം നേടിയതിന് ശേഷം ആദ്യമായിട്ടാണ് ഒരു ബ്രസീൽ താരം ഈ നേട്ടം കൈവരിക്കുന്നത്.
മറ്റ് പുരസ്കാര വിഭാഗങ്ങളിൽ, ബാർസിലോണയുടെ സ്പാനിഷ് താരം ഐതാനാ ബോൺമാറ്റി മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകനായും, എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Story Highlights: Brazilian footballer Vinicius Junior wins FIFA The Best Men’s Player award, beating Messi, Mbappe, and others.