തൂത്തുകുടി (തമിഴ്നാട്)◾: വിയറ്റ്നാം ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി എംപിവി ലിമോ ഗ്രീൻ അടുത്ത വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. നേരത്തെ, സെപ്റ്റംബർ മാസത്തിൽ വിൻഫാസ്റ്റിന്റെ ആദ്യ വാഹനങ്ങൾ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.
ഇന്ത്യൻ വിപണിയിൽ ലിമോ ഗ്രീനിന്റെ പ്രധാന എതിരാളികൾ കിയ കാരൻസ്, ക്ലാവിസ് ഇവി, ബിവൈഡി ഇമാക്സ് 7 എന്നിവയായിരിക്കും. ലിമോ ഗ്രീൻ എംപിവിയിൽ 60.13kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്, ഇത് 450 കിലോമീറ്റർ വരെ റേഞ്ച് നൽകും. കൂടാതെ, ഈ വാഹനം 11kW AC ചാർജിംഗും 80kW DC ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയർത്താൻ കഴിയും. 201 PS കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്.
വിൻഫാസ്റ്റ് എസ് യു വി സെഗ്മെന്റിൽ വിഎഫ്3 പുറത്തിറക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ലിമോ ഗ്രീൻ ഇന്ത്യയിൽ എത്തുന്നതിന് മുന്നോടിയായി ഈ വാഹനം പുറത്തിറക്കാനാണ് സാധ്യത. തമിഴ്നാട്ടിലെ തൂത്തുകുടിയിൽ കമ്പനി ഒരു നിർമ്മാണ പ്ലാന്റ് ആരംഭിച്ചിട്ടുണ്ട്. വിയറ്റ്നാമിന് പുറത്ത് വിൻഫാസ്റ്റ് നിർമ്മിക്കുന്ന ആദ്യത്തെ പ്ലാന്റാണ് ഇത്.
വാഹനത്തിന്റെ നിർമ്മാണത്തിനാവശ്യമായ ഭാഗങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ശേഷം തമിഴ്നാട്ടിലെ പ്ലാന്റിൽ എത്തിച്ച് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഈ പ്ലാന്റിൽ ആദ്യമായി നിർമ്മിച്ച വാഹനം വിഎഫ്7 മോഡലാണ്.
വിവിധ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 59.6 കിലോവാട്ട് ബാറ്ററിയിൽ എത്തുന്ന വിഎഫ്6ന് 468 കിലോമീറ്ററാണ് റേഞ്ച്. ഇതിന് 16.49 ലക്ഷം മുതൽ 18.29 ലക്ഷം രൂപ വരെയാണ് വില. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വിഎഫ് 7 എത്തുന്നത് (59.6 കിലോവാട്ട്, 70.8 കിലോവാട്ട്).
വിഎഫ് 7 മോഡലിന് 438 കിലോമീറ്റർ മുതൽ 532 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. ഇതിന്റെ എക്സ് ഷോറൂം വില 20.89 ലക്ഷം മുതൽ 25.49 ലക്ഷം രൂപ വരെയാണ്.
Story Highlights : Vinfast Limo Green to make India Debut in Early 2026



















