പാരിസ് ഒളിംപിക്സിലെ നിരാശയ്ക്ക് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണം ലഭിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേൽപ്പ് നടന്നത്. സ്വീകരണത്തിനിടെ വൈകാരിക നിമിഷങ്ങൾ ഉണ്ടായി. സാക്ഷി മാലിക്ക് കണ്ണീരോടെ വിനേഷിനെ വരവേറ്റു. എല്ലാവർക്കും നന്ദിയെന്നും താൻ ഭാഗ്യശാലിയാണെന്നും വിനേഷ് പറഞ്ഞു.
സാക്ഷി മാലിക്കും ബജ്രംഗ് പൂനിയയും വിനേഷിനെ ചുമലിലേറ്റി. കർഷക സമര നേതാക്കളും വിനേഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ആരാധകർക്കും സഹതാരങ്ങൾക്കും മുന്നിൽ വിനേഷ് പൊട്ടിക്കരഞ്ഞു. രാജ്യം നൽകിയത് സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവാണെന്ന് വിനേഷിന്റെ അമ്മ പ്രതികരിച്ചു.
ജീവിതത്തിൽ ഇതുവരെ കടന്നുവന്ന വഴികളെക്കുറിച്ച് പറഞ്ഞും പരിശീലകരുൾപ്പെടെയുള്ളവർക്ക് നന്ദി പ്രകടിപ്പിച്ചും വിനേഷ് ഒരു വലിയ കുറിപ്പ് എക്സിൽ പങ്കുവെച്ചു. ചെറുപ്പത്തിൽ മാതാപിതാക്കൾ നൽകിയ പിന്തുണയും, ആഗ്രഹങ്ങൾ നേടാൻ പലരും കൂടെനിന്നതും ഓർമിച്ചുകൊണ്ടുള്ള കുറിപ്പാണിത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്തുപറഞ്ഞ് താരം നന്ദി രേഖപ്പെടുത്തി. പരിക്ക് മൂലം ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഊർജവും വിശ്വാസവുമാണ് തന്നെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുന്നതെന്ന് വിനേഷ് കുറിച്ചു.
Story Highlights: Vinesh Phogat receives grand welcome at Delhi airport after Paris Olympics disappointment