വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടൻ ബേസിൽ ജോസഫിനെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ബേസിലിന്റെ പുതുമയുള്ള അഭിനയ രീതിയും സംവിധാന മികവും ആളുകൾക്കിടയിൽ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. മാർക്കറ്റിങ്ങിൽ പോലും ‘ബേസിലിന്റെ സിനിമകൾ’ എന്ന തരംഗം സിനിമാലോകത്ത് സൃഷ്ടിക്കാൻ അദ്ദേഹത്തിന് വേഗത്തിൽ കഴിഞ്ഞു. എന്നാൽ, ഈ വിജയത്തിനൊപ്പം ബേസിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് വിനീത് ആശങ്ക പ്രകടിപ്പിച്ചു.
“ബേസിലിന്റെ കാര്യത്തിൽ എനിക്ക് കുറച്ചധികം ടെൻഷനുണ്ട്. ഒരു ഫിലിംമേക്കർ എന്ന നിലയിൽ അവൻ നല്ല രീതിയിൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അവൻ അനുഭവിക്കുന്ന സ്ട്രെസ് അറിയാവുന്നതുകൊണ്ട് ഇടയ്ക്ക് അവനെ വിളിച്ച് ‘എടാ നീ ഓക്കെയാണോ’ എന്ന് ചോദിക്കും,” എന്ന് വിനീത് പറഞ്ഞു. ബേസിൽ ആവശ്യത്തിലധികം ജോലി ചെയ്യുന്നുണ്ടെന്നും, അതിന് അവൻ കഴിവുള്ളവനാണെന്നും വിനീത് കൂട്ടിച്ചേർത്തു.
“ബേസിൽ സുപ്രീംലി ടാലന്റഡാണ്. ആ കാര്യത്തിൽ സംശയമില്ല. പക്ഷേ ഒരുപാട് കാര്യങ്ങൾ ഒരാൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാവുന്ന സമ്മർദ്ദം ഉണ്ടല്ലോ, അതിനെപ്പറ്റി അടുത്തുള്ള ഒരാളെന്ന നിലയിൽ നമ്മൾ ചോദിക്കണ്ടേ? അതാണ് ഇടയ്ക്ക് അന്വേഷിക്കുന്നത്,” എന്നും വിനീത് കൂട്ടിച്ചേർത്തു. ബേസിലിന്റെ കാര്യത്തിൽ തനിക്ക് കൂടുതൽ ശ്രദ്ധയുണ്ടെന്നും വിനീത് വ്യക്തമാക്കി.
Story Highlights: Director Vineeth Sreenivasan expresses concern over actor Basil Joseph’s stress levels amid his rising popularity and workload.