കാശി എന്ന ചിത്രത്തിലെ അഭിനയാനുഭവങ്ങൾ പങ്കുവെച്ച് നടൻ വിക്രം രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ വിവരിച്ചത്. കണ്ണ് കാണാത്ത ഒരാളായി അഭിനയിക്കേണ്ടിവന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വിക്രം പറഞ്ഞു.
മലയാള സിനിമയുടെ റീമേക്കായിരുന്നു കാശി എന്നും, എന്നാൽ കഥാപാത്രത്തിന്റെ കൃഷ്ണമണി കാണിക്കരുതെന്ന് സംവിധായകൻ നിർദ്ദേശിച്ചതായും വിക്രം വെളിപ്പെടുത്തി. കണ്ണ് മുകളിലേക്ക് ആക്കി വയ്ക്കാൻ ശ്രമിച്ചപ്പോൾ ആദ്യം ഒരു സെക്കൻഡ് മാത്രം സാധിച്ചെങ്കിലും പിന്നീട് അത് ഒരു മിനിറ്റ് വരെ നീണ്ടുവെന്നും താരം പറഞ്ഞു. ഗ്ലിസറിൻ ഉപയോഗിച്ചും മറ്റും പരീക്ഷണങ്ങൾ നടത്തിയശേഷമാണ് സിനിമ ചെയ്യാൻ തയ്യാറാണെന്ന് സംവിധായകനോട് പറഞ്ഞതെന്നും വിക്രം വ്യക്തമാക്കി.
ഷൂട്ടിങ്ങിനിടെ ക്യാമറ കാണാൻ കഴിയാത്തതിനാൽ, താൻ ഇരിക്കുന്ന ഭാഗത്ത് ക്യാമറ വയ്ക്കാൻ ആവശ്യപ്പെട്ടതായും വിക്രം പറഞ്ഞു. ഷോട്ട് കഴിഞ്ഞ ശേഷം മാത്രമേ കൃഷ്ണമണി താഴോട്ട് ആക്കിയിരുന്നുള്ളൂവെന്നും, ആരെങ്കിലും എന്തെങ്കിലും തെറ്റിച്ചാൽ മുഴുവൻ സീനും വീണ്ടും എടുക്കേണ്ടി വന്നിരുന്നുവെന്നും താരം വെളിപ്പെടുത്തി. സിനിമയ്ക്ക് ശേഷം മൂന്ന് മാസത്തോളം വായിക്കാനോ ടി.വി കാണാനോ കഴിയാതിരുന്നതായും, അത് തന്റെ കാഴ്ചശക്തിയെ ബാധിച്ചതായും വിക്രം കൂട്ടിച്ചേർത്തു.
‘ഞാന്‍ കാശി എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. അതില് കണ്ണ് കാണാത്ത ഒരാളായാണ് ഞാന് അഭിനയിക്കുന്നത്. ഒരു മലയാള സിനിമയുടെ റീമേക്ക് ആയിരുന്നു കാശി. ആ മലയാള സിനിമയില് കഥാപാത്രത്തിന്റെ കൃഷ്ണമണി കാണുന്നുണ്ട്. എന്നാല് സംവിധായകന് എന്നോട് പറഞ്ഞു, നമ്മുടെ കഥാപത്രത്തിന്റെ കൃഷ്ണമണി കാണിക്കണ്ടായെന്ന്.
എന്നോട് അത് മുകളിലേക്ക് ആക്കി വെക്കാന് പറഞ്ഞു. അത് ശരിക്കും തെറ്റാണ്. ആ സിനിമ ചെയ്യാന് വേണ്ടി മാത്രം ഞാന് അത് ചെയ്യാന് ശ്രമിച്ചുനോക്കി. കണ്ണ് അങ്ങനെ ഹോള്ഡ് ചെയ്യാന് എനിക്ക് ഒരു സെക്കന്റ് എടുത്തു, പിന്നെയത് രണ്ടായി അഞ്ചായി ഒരു മിനിറ്റായി. പിന്നെ ഞാന് കണ്ണില് ഗ്ലിസറിനൊക്കെ ആക്കി നോക്കി. എല്ലാം കഴിഞ്ഞ് ഒടുവില് ഞാന് എന്റെ സംവിധായകനെ കണ്ടു.
ഈ സിനിമ ചെയ്യാന് ഞാന് തയ്യാറാണെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് വീണ്ടും ചോദിച്ചു, ഈ സിനിമ ചെയ്യാന് കഴിയുമോയെന്ന്, ഞാന് അതെയെന്ന് പറഞ്ഞു. അദ്ദേഹത്തിന് സന്തോഷമായി. പക്ഷെ അദ്ദേഹം എന്നോട് ചോദിച്ചത്, ഒരു ഷോട്ട് എടുക്കുമ്പോള് നീ എങ്ങോട്ടാണ് നോക്കുകയെന്നാണ്.
കാരണം എനിക്ക് ക്യാമറ കാണാന് പറ്റില്ലായിരുന്നു. ഞാന് പറഞ്ഞു, ഏത് സൈഡിലേക്കാണോ ഞാന് ഇരിക്കുന്നത് ആ ഭാഗത്ത് ക്യാമറ വെച്ചോള്ളൂവെന്ന്. ഷോട്ട് കഴിഞ്ഞ ശേഷം മാത്രമേ ഞാന് എന്റെ കൃഷ്ണമണി താഴോട്ട് ആകുകയുള്ളൂ. ആ ഷോട്ടില് ആരെങ്കിലും എന്തെങ്കിലും തെറ്റിച്ചാല് സീന് മൊത്തം വീണ്ടും എടുക്കേണ്ടി വരും.
ആ സിനിമയ്ക്ക് ശേഷം ഒരു മൂന്ന് മാസത്തോളം എനിക്ക് വായിക്കാനോ ടി.വി കാണാനോയൊന്നും പറ്റില്ലായിരുന്നു. അത് ശരിക്കും എന്റെ ഐ സൈറ്റിനെ ബാധിച്ചിരുന്നു,’വിക്രം പറയുന്നു.
Story Highlights: Actor Vikram shares challenging experience of playing a blind character in ‘Kasi’, affecting his eyesight for months