നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാനതല സമ്മേളനം ഇന്ന് വിഴുപ്പുറത്തെ വിക്രവണ്ടിയിൽ നടക്കും. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 85 ഏക്കറിലുള്ള വിശാലമായ മൈതാനത്താണ് സമ്മേളനം നടത്തുന്നത്. 170 അടി നീളത്തിലും 65 അടി വീതിയിലുമായി പ്രവർത്തകർക്കിരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് സെക്രട്ടറിയേറ്റിന് സമാനമായ രീതിയിലാണ് സ്റ്റേജ് നിർമ്മിച്ചിരിക്കുന്നത്.
പാർട്ടി നയം ഇന്ന് വിജയ് സമ്മേളനത്തിൽ പ്രഖ്യാപിക്കും. തമിഴകത്തിന്റെ മകനാണ് താനെന്ന് വിജയ് പ്രവർത്തകർക്കെഴുതിയ കത്തിൽ ഊന്നിപ്പറയുന്നുണ്ട്. തമിഴ് വികാരം ഉണർത്തുന്ന പ്രസംഗത്തിനാണ് സാധ്യത. മറ്റു പാർട്ടികളെ കുറിച്ച് നേരിട്ടുള്ള വിമർശനത്തിലേക്ക് കടക്കുമോയെന്നും ദേശീയ തലത്തിലെ നിലപാടും പ്രസക്തമാകും. 2026ലെ തെരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സമ്മേളന നഗരിയിൽ പെരിയാറിന്റെയും അംബേദ്കറിന്റെയുമുൾപ്പടെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. 27 വളണ്ടിയർ ടീമുകളെയാണ് പരിപാടിയുടെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്. വിജയുടെ പാർട്ടി രൂപീകരണത്തിൽ ഡിഎംകെ നേതാക്കൾക്ക് മൗനമാണ്. എന്നാൽ എഡിഎംകെ വിജയ്യെ പിന്തുണയ്ക്കുമ്പോൾ ബിജെപി വിമർശനമുയർത്തുന്നു.
Story Highlights: Actor Vijay’s party TVK holds first state-level conference in Villupuram, Tamil Nadu