**തിരുച്ചിറപ്പള്ളി◾:** തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചു. തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച പര്യടനത്തിൽ ആയിരക്കണക്കിന് ആളുകളാണ് വിജയിയെ കേൾക്കാനായി തടിച്ചുകൂടിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കാണാൻ എത്തിയതാണെന്ന് വിജയ് അഭിപ്രായപ്പെട്ടു. ഡിഎംകെ തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോ എന്നും വിജയ് ചോദിച്ചു.
തിരുച്ചിറപ്പള്ളിയിൽ നിന്നാണ് അണ്ണാദുരൈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. അതുപോലെ എംജിആറും തൻ്റെ ആദ്യ രാഷ്ട്രീയ സമ്മേളനം നടത്തിയത് ഇവിടെയാണെന്ന് വിജയ് ഓർമ്മിപ്പിച്ചു. അതിനാൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടങ്ങുന്ന എല്ലാ കാര്യങ്ങളും നല്ലതാവുമെന്നും വിജയ് ജനങ്ങളോട് പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രധാന തീരുമാനങ്ങൾക്ക് സാക്ഷിയായ നഗരമാണ് ഈ തിരുച്ചിറപ്പള്ളി.
സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40% സംവരണം നൽകുമെന്ന വാഗ്ദാനം പാലിച്ചോ എന്ന് വിജയ് ചോദിച്ചു. കൂടാതെ വിദ്യാഭ്യാസ ലോൺ എഴുതിത്തള്ളുമെന്ന വാഗ്ദാനം, ഡീസലിന് മൂന്നു രൂപ കുറയ്ക്കും എന്ന ഉറപ്പ്, വൈദ്യുതി ചാർജ് മാസത്തിലാക്കുമെന്ന വാഗ്ദാനം എന്നിവയെക്കുറിച്ചും വിജയ് ഡിഎംകെയോട് ചോദ്യങ്ങൾ ഉന്നയിച്ചു. പഴയ പെൻഷൻ സ്കീം തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞോയെന്നും അദ്ദേഹം ആരാഞ്ഞു.
മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ എ.ഐ.എ.ഡി.എം.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടത്തിയതും ഇവിടെയായിരുന്നു. എംജിആറിൻ്റെ പേര് പറഞ്ഞ് അദ്ദേഹത്തിന്റെ പൈതൃകം തനിക്ക് അനുകൂലമാക്കാൻ കൂടിയാണ് വിജയ് ശ്രമിക്കുന്നത്.
നൂതന ക്യാമറകള്, ലൗഡ്സ്പീക്കറുകള്, ആളുകള് അനധികൃതമായി നുഴഞ്ഞുകയറുന്നത് തടയാന് ഇരുമ്പ് റെയിലിംഗുകള് എന്നിവ ഘടിപ്പിച്ച പ്രത്യേകതകളുള്ള പ്രചാരണ ബസ്സിലാണ് വിജയ് യാത്ര ചെയ്യുന്നത്. ‘നിങ്ങളുടെ വിജയ് ഇതാ വരുന്നു’ എന്ന മുദ്രാവാക്യമാണ് അദ്ദേഹം ഉയർത്തുന്നത്. കർശനമായ നിബന്ധനകളോടെയാണ് പര്യടനത്തിന് തമിഴ്നാട് പൊലീസ് അനുമതി നൽകിയിരിക്കുന്നത്.
റോഡ് ഷോ, വാഹന പര്യടനം, പൊതുസമ്മേളനം എന്നിവയ്ക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിജയ്യുടെ ബസിന് ഒരേസമയം അഞ്ച് വാഹനത്തിൽ കൂടുതൽ അകമ്പടി പോകാൻ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Story Highlights: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് വിജയ് ഡിഎംകെയോട് ചോദിച്ചു.