വീനസ് ഫ്ളൈ ട്രാപ്പ് എന്ന അത്ഭുത സസ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജീവികളെ തിന്നു വളരുന്ന ഈ ഭീകര സസ്യം യഥാർത്ഥത്തിൽ മാംസഭോജിയായാണ് കണക്കാക്കപ്പെടുന്നത്. പറന്നു നടക്കുന്ന ചെറു പ്രാണികളെയും ഉറുമ്പുകളെയും തന്നിലേക്ക് ആകർഷിച്ച് ട്രാപ്പ് ചെയ്ത് അകത്താക്കുകയാണ് ഈ സസ്യം ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കൻ തീരത്തുള്ള നോർത്ത് കരോലിനയിലെയും സൗത്ത് കരോലിനയിലെയും മിതശീതോഷ്ണ, ഉപ ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
പോഷകങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് വളരുന്നുവെന്ന പ്രത്യേകതയുള്ളതുകൊണ്ടാണ് ഭക്ഷണത്തിനായി ചെറുപ്രാണികളെ ആശ്രയിക്കുന്നത്. അമേരിക്കയിൽ ഇത്തരത്തിൽ ഏകദേശം 200 വ്യത്യസ്ത ഇനത്തില്പ്പെട്ട മാംസഭുക്കുകളായ ചെടികളുണ്ട്. ഇവയ്ക്കെല്ലാം ഇരപിടിക്കാനുള്ള രീതികളും വ്യത്യസ്തമായാണ് പ്രകൃതി നല്കിയിരിക്കുന്നത്. വീനസ് ഫ്ളൈ ട്രാപ്പിന്റെ പ്രത്യേകത ചലിപ്പിക്കാന് കഴിയുന്ന തരത്തിലുള്ള ഇലകളാണ്. തുറന്നു വച്ച ഒരു പുസ്തകം പോലെ കാണപ്പെടുന്ന ഈ ചെടിയുടെ പ്രതലത്തിൽ പ്രാണികളോ കീടങ്ങളോ വന്നിരിക്കുന്ന പക്ഷം പശ പോലുള്ള പ്രതലത്തിൽ ഒട്ടിപ്പിടിക്കുകയും ഉടനടി അതിന്റെ ഇതളുകൾ പരസ്പരം കൂടി ചേരുകയും ചെയ്യുന്നു.
വീനസ് ഫ്ളൈ ട്രാപ്പ് അസിഡിറ്റിയുള്ള മണ്ണിലാണ് വളരുന്നത്. ഇലകളുടെ അരികില് പിങ്ക് കലര്ന്ന റോസ് നിറവും പ്രാണികളെ ആകർഷിക്കുന്നു. കാട്ടുപ്രദേശത്താണ് കാണപ്പെടുന്നതെങ്കിലും ഈ ചെടി സമാനമായ കാലാവസ്ഥയിൽ വീടുകളിലും നടാൻ സാധിക്കും. ഇന്ഡോര് പ്ലാന്റായി വളര്ത്തിയാല് വീട്ടിനകത്തുള്ള ശല്യക്കാരായ പ്രാണികളെ ഇല്ലാതാക്കാം എന്നൊരു പ്രത്യേകതയും ഈ ഛേദിക്കുണ്ട്. എന്നാൽ വീനസ് ഫ്ലൈട്രാപ്പിന്റെ എണ്ണം കുറഞ്ഞു വരികയാണ്. വംശനാശഭീഷണി നേരിടുന്ന സസ്യവിഭാഗത്തിലാണ് വീനസ് ഫ്ലൈ ട്രാപ്പ് പെടുന്നത്.
Story Highlights: Venus flytrap: A carnivorous plant that traps and eats insects, found in North and South Carolina