വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാൻ്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അഫാൻ്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. സൈബർ പൊലീസിന് അന്വേഷണ സംഘം ഇതുസംബന്ധിച്ച കത്ത് നൽകിയിട്ടുണ്ട്. അഫാൻ്റേയും ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അഫാൻ്റെ മൊഴിയിലെ വിശ്വാസ്യത പൊലീസ് സംശയിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത മൂലം കുടുംബാംഗങ്ങളോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി അഫാൻ പറഞ്ഞു. ഉമ്മയുമായി ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്നും എന്നാൽ സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. അഫാൻ്റെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തിയേക്കും.
ഷാൾ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചെങ്കിലും ഉമ്മ മരിച്ചില്ലെന്നും പിന്നീട് വെഞ്ഞാറമൂട് നിന്ന് വാങ്ങിയ ഹാമർ കൊണ്ട് ഉമ്മയുടെ തലയ്ക്കടിച്ചുവെന്നും അഫാൻ പറഞ്ഞു. തുടർന്ന് പാങ്ങോട് എത്തി അമ്മൂമ്മയെ കൊലപ്പെടുത്തിയതായും പണം ആവശ്യപ്പെട്ടപ്പോൾ അമ്മൂമ്മ മാല നൽകിയില്ലെന്നും അഫാൻ പറഞ്ഞു. അച്ഛൻറെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും അഫാൻ മൊഴി നൽകി.
ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകരുതെന്ന് കരുതിയാണ് അവളെയും വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയാൻ തോന്നിയെന്നും അഫാൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ കൂട്ട ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും.
Story Highlights: Police are investigating digital evidence in the Venjaramoodu multiple murder case, focusing on the accused’s phone and social media activity.