ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്ത്. സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ച് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം നടക്കും. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാ വർക്കർമാരെ ജോലിയിൽ നിന്ന് ഒഴിവാക്കി സിപിഎം അനുഭാവികളെ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ആശാ വർക്കർമാരുടെ ഓണറേറിയം വർധനവ്, മുടങ്ങിക്കിടക്കുന്ന ഓണറേറിയവും ഇൻസെന്റീവും നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ അവരെ അധിക്ഷേപിക്കുകയാണെന്നും എം.ലിജു കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കും. മാർച്ച് 3 തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ തിരികെ ജോലിക്ക് പ്രവേശിക്കണമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും സർക്കാർ അഭിഭാഷകർക്കും ശമ്പള വർധനവും ഡൽഹിയിലെ കേരള പ്രതിനിധിക്ക് വാർഷിക യാത്രാ ബത്തയും വർധിപ്പിച്ച സർക്കാർ ആശാ വർക്കർമാരെ അവഗണിക്കുന്നു. ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. എന്ത് വില കൊടുത്തും സമരത്തെ പിന്തുണയ്ക്കുമെന്നും എം.ലിജു വ്യക്തമാക്കി.
Story Highlights: Congress will protest against the government circular regarding Asha workers’ strike.