ക്രിസ്തുമസ് ദിനത്തിൽ വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അപ്രതീക്ഷിത സന്ദർശനവുമായി എത്തിയത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആയിരുന്നു. മന്ത്രിയുടെ ഈ സന്ദർശനം ആരോഗ്യ പ്രവർത്തകരെ അമ്പരപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി എംഎൽഎ ടി. സിദ്ദിഖ്, ഡി.എം.ഒ. ദിനീഷ്, ഡി.പി.എം. ഡോ. സമീഹ എന്നിവരെ വിളിച്ചത്. പെട്ടെന്നുള്ള ക്ഷണത്തിനും അവരെല്ലാം ഒപ്പം ചേർന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സഹദും എത്തിച്ചേർന്നു.
നൂറിലധികം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ആശാ പ്രവർത്തകയും കേരള ശ്രീ പുരസ്കാര ജേതാവുമായ ഷൈജാ ബേബി, ആശാ പ്രവർത്തക സുബൈദ, സ്റ്റാഫ് നഴ്സ് സഫ്വാന എന്നിവരെ മന്ത്രി നേരിട്ട് കണ്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആഴ്ചകളോളം വെന്റിലേറ്ററിൽ കിടന്ന് ഗുരുതരാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന അവ്യുക്ത, അമ്മ രമ്യ എന്നിവരെയും മന്ത്രി വീട്ടിലെത്തി സന്ദർശിച്ചു. സുബൈർ, ഹോസ്പിറ്റൽ അറ്റൻഡർ ഫൈസൽ തുടങ്ങിയവരെ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കണ്ടു. ദുരന്ത സമയത്തും മനസാന്നിധ്യത്തോടെ സേവനമനുഷ്ഠിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
ഉരുൾപൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിനിടയിൽ മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും മൃതദേഹം എത്തിക്കുന്നിടത്ത് കർമ്മനിരതയായിരുന്നു ഷൈജാ ബേബി. എല്ലാം നഷ്ടപ്പെട്ട് ഉയർന്ന സ്ഥലത്തേയ്ക്ക് പോയപ്പോൾ ചെളിയിൽ താഴ്ന്നുപോയിരുന്ന ഏഴു വയസ്സുകാരിയെ ചെറിയ ചലനം കണ്ട് കുട്ടിയാണെന്ന് മനസിലാക്കി പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിച്ച ആശാ പ്രവർത്തകയാണ് സുബൈദ. അടുത്ത ബന്ധുക്കളെ ദുരന്തത്തിൽ നഷ്ടപ്പെട്ടെങ്കിലും രാപ്പകലില്ലാതെ പ്രവർത്തിച്ചയാളാണ് ഫൈസൽ. ഒൻപത് ബന്ധുക്കൾ മരണമടഞ്ഞിട്ടും മറ്റുള്ളവർക്കായി സേവനമനുഷ്ഠിച്ച സ്റ്റാഫ് നഴ്സാണ് സഫ്വാന.
ക്രിസ്തുമസ് ദിനത്തിൽ തങ്ങളെ തേടി മന്ത്രി എത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് ഏറെ സന്തോഷവും ആശ്വാസവുമായി. രണ്ട് കുട്ടികളെയും നഷ്ടപ്പെട്ട സുബൈറിന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു. ദുരന്തത്തിന്റെ നടുവിലും മനോധൈര്യത്തോടെ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
Story Highlights: Health Minister Veena George makes surprise Christmas visit to Meppadi Family Health Centre, meets disaster relief workers