കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണർ മുഖേന കൂടിക്കാഴ്ചയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അനുമതി നിഷേധിക്കപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. ആശാ വർക്കേഴ്സിന്റെ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.
കൂടിക്കാഴ്ചയ്ക്കായി മുൻകൂട്ടി അപേക്ഷ നൽകിയിരുന്നെങ്കിലും കേന്ദ്രമന്ത്രിയുടെ തിരക്കുകൾ കാരണം അനുമതി ലഭിക്കാതെ പോയതാകാമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സമരം ചെയ്യുന്ന ആശാ വർക്കേഴ്സുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡൽഹിയിലേക്ക് തിരിച്ചത്. ആശാ കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം കേന്ദ്ര മന്ത്രിയെ നേരിട്ട് അറിയിക്കാനായിരുന്നു മന്ത്രിയുടെ ഡൽഹി സന്ദർശനം. അനുമതി ലഭിക്കുകയാണെങ്കിൽ വീണ്ടും കേന്ദ്ര മന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
ആശാ വർക്കേഴ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഈ വിഷയത്തിൽ ഒരു അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മന്ത്രി. എന്നാൽ കൂടിക്കാഴ്ച നടക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മിഷണർ മുഖേന നിവേദനം നൽകുകയായിരുന്നു.
Story Highlights: Kerala Health Minister Veena George was denied permission to meet Union Health Minister JP Nadda.