പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം; സ്പീക്കർക്ക് കത്തയച്ച് വി.ഡി. സതീശൻ

Anjana

VD Satheesan letter to Speaker

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്ക് കത്തയച്ചു. നിയമസഭയിലെ എല്ലാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വിശദീകരിക്കാൻ മതിയായ സമയം അനുവദിക്കാതെ, നിയമസഭാ ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തിൽ അവസാനിപ്പിക്കുന്ന സ്പീക്കറുടെ നടപടി ദൗർഭാഗ്യകരമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടും, അതേ വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ അംഗങ്ങളുടെ പേര് പോലും പരാമർശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും കത്തിൽ പറയുന്നു. പാർലമെന്ററി ജനാധിപത്യ ക്രമത്തിൽ ഭരണ-പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവർ താൽപര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയിൽ സംസാരിക്കുന്നതിന് അവസരം നൽകുന്ന കീഴ്വഴക്കമാണ് നാളിതുവരെയുള്ള സ്പീക്കർമാർ പിന്തുടരുന്നതെന്നും സതീശൻ ഓർമിപ്പിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളിൽ തുടർച്ചയായി ഇടപെട്ട് തടസ്സപ്പെടുത്തുകയും, പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കുന്നതിന് കാലങ്ങളായി നൽകിവരുന്ന പ്രത്യേക അവകാശത്തിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്ന സമീപനം ചെയറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അത്യന്തം ഖേദകരമാണെന്ന് കത്തിൽ വിശദമാക്കുന്നു. ഭൂരിപക്ഷമുള്ള സർക്കാരിന്റെ താൽപര്യങ്ങൾക്ക് വേണ്ടി പാർലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Story Highlights: Opposition leader VD Satheesan writes to Speaker demanding impartial stance on opposition rights in Assembly proceedings

Leave a Comment