കട്ടപ്പന റൂറല് ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില് ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില് സാബുവിന്റെ മരണം സഹകരണ മേഖലയില് സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായവര്ക്കെതിരെ പൊലീസ് കര്ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറുകിട കച്ചവടക്കാരനായ സാബു തന്റെ ജീവിതകാലം മുഴുവന് സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില് നിക്ഷേപിച്ചിരുന്നത്. രോഗബാധിതയായി ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്ക്കായി നിക്ഷേപം മടക്കി നല്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയാറായില്ല. സാബു ഇന്നലെയും നിക്ഷേപ തുക ആവശ്യപ്പെട്ട് ബാങ്കില് എത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും പണം ആവശ്യപ്പെട്ട് ചെന്നപ്പോള് അപമാനിച്ചുവെന്നും സാബുവിന്റെ ആത്മഹത്യാക്കുറിപ്പില് പറയുന്നതായി വി ഡി സതീശന് ചൂണ്ടിക്കാട്ടി.
സര്ക്കാരിന്റെ പിന്തുണയോടെ യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറിച്ച് സി.പി.എം ഭരണം പിടിച്ചെടുത്തതാണ് കട്ടപ്പന സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്ന് സതീശന് ആരോപിച്ചു. പാര്ട്ടി നേതാക്കള്ക്കും ബന്ധുക്കള്ക്കും ഇഷ്ടക്കാര്ക്കും നിയമവിരുദ്ധമായി വായ്പകള് നല്കിയതാണ് ബാങ്കിനെ സാമ്പത്തികമായി തകര്ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സംസ്ഥാനത്ത് നിരവധി ബാങ്കുകളാണ് സി.പി.എം ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുത്തിട്ടുള്ളതെന്നും അവിടെയൊക്കെ ഇതേ സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിശ്വാസ്യത ഇല്ലാതാക്കി സഹകരണ മേഖലയെ പൂര്ണമായും തകര്ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: Opposition leader VD Satheesan accuses CPM of plundering cooperative sector, leading to investor’s suicide in Idukki.